സംഘദീപം 2 അക്ഷയ തൃതീയ
പ്രിയ സംഘബന്ധുക്കളേ,
ഇതാ ഒരു പുതിയ ദ്വൈവാര പംക്തി ആരംഭിക്കുന്നു. ഇത് ഈ പരമ്പരയിലെ രണ്ടാമത്തെ ലേഖനമാണ്. സംഘദീപം എന്നപേരിൽ എല്ലാ രണ്ടാഴ്ചയിലും ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് ഒരു ചെറിയ ലേഖനമാണ് ഉദ്ദേശിക്കുന്നത്. വിഷയം നമ്മുടെ പുരാണങ്ങളെയോ, അവയിലെ ഏതെങ്കിലും ഒരു സംഭവമോ, കഥാപാത്രമോ, വേദമോ, മറ്റെന്തെങ്കിലും വിഷയമോ, നമ്മുടെ ഏതെങ്കിലും ആചാരങ്ങളോ ഉത്സവങ്ങളോ ആയിരിക്കും. ആർക്കും അവരുടെ ചിന്തകളും, നിർദ്ദേശങ്ങളും, അയക്കാം- എനിക്ക് വ്യക്തിപരമായി. എല്ലാം ക്രോഢീകരീച്ച് നമ്മൾ ഇവിടെ ഒരു ലേഖനമായി പ്രസിദ്ധീകരിക്കാം. സഹകരിക്കുകയില്ലേ?
ഇന്നത്തെ വിഷയം അക്ഷയതൃതീയ ആണ്. പേര് സൂചിപ്പിക്കൂന്നതുപോലെ അക്ഷയം എന്നാൽ ക്ഷയിക്കാത്തത്. ത്രിതീയ എന്നാൽ മൂന്നാമത്തേത്. ക്ഷയമില്ലാത്ത മൂന്നാമത്തേത് എന്ന് നേർ വിവർത്തനം.
അക്ഷയ തൃതീയ ഹിന്ദു കലണ്ടറിലെ രണ്ടാം മാസമായ വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ ( ചന്ദ്രന്റെ വെളുത്ത പക്ഷം) മൂന്നാം നാൾ ആണ് ആഘോഷിക്കുന്നത്. വൈശാഖമാസം പൊതുവേ നല്ലകാര്യങ്ങളുടെ തുടക്കത്തിന് ഉത്തമമാണ്. അക്ഷയ തൃതീയ ദിനം അത്യുത്തമവും.
അക്ഷയ തൃതീയ ആഘോഷത്തിന് പിന്നിൽ നിരവധി ഐതീഹ്യങ്ങളുണ്ട്. അവയിൽ പ്രധാനം:
1) ഈ നാളിലാണ് കുചേലൻ കൃഷ്ണഭഗവാനെ സന്ദർശിക്കുന്നതും, ഭഗവാന് അളവറ്റ സമ്പത്ത് തന്റെ സതീർത്ഥ്യന് പ്രദാനം ചെയ്യുന്നതും
2) പരശുരാമന്റെ ജന്മദിനം
3) വേദവ്യാസൻ പറഞ്ഞുകൊടുത്ത മഹാഭാരതകഥ ഗണപതി ഏഴുതാൻ തുടങ്ങിയത് ഇന്നാളിലാണ്
4) കുബേരൻ സമ്പത്തിന്റെ അധിപനായത് ഈ ദിവസമാണ്
5) ഭഗീരഥൻ ഗംഗയെ ഭൂമിയിലെത്തിച്ചത് ഈ ദിവസമാണ്
6) ദ്രൗപദിയുടെ അക്ഷയപാത്രത്തെ ഭഗവാൻ കൃഷ്ണൻ വറ്റാത്ത ഭക്ഷണസ്രോതസ്സാക്കിമാറ്റിയത് ഈ ദിനമാണ്
എല്ലാ കഥകളും ഐശ്വര്യത്തിന്റെ തൂടക്കമാണ് പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ അക്ഷയതൃതീയനാളിലെ തുടക്കങ്ങൾ ഐശ്വര്യപൂർണ്ണമാക്കുന്നു.
നല്ല തുടക്കങ്ങളോടൊപ്പം ദാനകർമ്മങ്ങളിൽ ഏർപ്പെടണം എന്നും നിഷ്കർഷയുണ്ട്. ഐശ്വര്യത്തിന്റെ വഴി തേടുന്നതിലും പ്രധാനമാണ് ദാനം നൽകി പുണ്യം തേടുന്നത്!
കാലാന്തരേണ ഈ വിശ്വാസത്തെ കച്ചവടവൽക്കരിക്കാനുള്ള വിദഗ്ധനായ ശ്രമം നടന്നു. അതിന്റെ ഫലമായി, അക്ഷയ തൃതീയ എന്നാൽ സ്വർണം വാങ്ങുന്ന ദിവസമാണെന്ന് നമ്മളെയെല്ലാം കച്ചവടക്കാർ വിശ്വസിപ്പിച്ചു. വാസ്തവത്തിൽ, ഇങ്ങനെയൊരു ഘടകം ഈ മംഗളദിനത്തിന്റെ ഒരു ചടങ്ങിലും ഉൾക്കൊണ്ടിട്ടില്ല. മുൻകാലങ്ങളിൽ ഇങ്ങനെയൊരു ചടങ്ങുള്ളതായി അറിവില്ല.
എന്നിരുന്നാലും, സ്വർണ്ണം നല്ലൊരു മുതൽമുടക്കാണ്. സുരക്ഷിതവും അക്ഷയവുമായ ഒരു സമ്പാദ്യം. അതുകൊണ്ട് ഇത്തരം ഒരു മംഗളദിനത്തിലെങ്കിലും അല്പം സ്വർണം വാങ്ങാൻ ആരെങ്കിലും തുനിഞ്ഞാൽ അവരെ നിരുത്സാഹപ്പെടുത്തേണ്ട. പക്ഷേ, സ്വർണ്ണം വാങ്ങുന്നതിനല്ല, നല്ല തുടക്കങ്ങൾക്കും, ദാനകർമ്മങ്ങൾക്കും വേണ്ടിയാവട്ടെ അക്ഷയതൃതീയ എന്ന ഈ ദിനം എന്ന് ആശംസിക്കുന്നു.
Comments
Post a Comment